Tuesday, November 6, 2007

പകല്‍

പകലിനോട് വിടചോദിക്കുന്ന സൂര്യനും കരയോട് കിന്നാരം പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന തിരമാലകളും, കടല്‍ക്കര എന്നും എനിക്കൊരു ഹരമാണ്. മനസ്സിന്റെ ദുഃഖവും വേദനയുമെല്ലാം ഇറക്കി വെക്കാവുന്ന ഒരിടം, അതായിരുന്നു എനിക്കു കടലിനോടുള്ള ബന്ധം. വാരാന്ത്യം ആഘോഷിക്കുവാനെത്തിയ ജനങ്ങള്‍, മണ്‍‌വീടുണ്ടാക്കിയും പട്ടം പറത്തിയും ആടിത്തമിര്‍ക്കുന്ന ബാല്യങ്ങള്‍. ഈ തിരക്കില്‍നിന്നെല്ലാം മാറി തിരമാലകളുടെ പൊട്ടിചിരികളും കടല്‍ക്കാറ്റിന്റെ തലോടലും മനസ്സിലേക്ക് ആവാഹിച്ചുകൊണ്ട് പടിഞ്ഞാറന്‍‌ചക്രവാളത്തിലേക്ക് നോക്കി ഞാനിരുന്നു.. മനസ്സ് ഒരു കടിഞ്ഞാണില്ലാത്ത കുതിരയെപോലെ പാഞ്ഞുകൊണ്ടിരിക്കയാണ്. ആ പാച്ചില്‍ ചെന്നു നിന്നത് മറക്കുവാന്‍ ആഗ്രഹിക്കുന്ന ചില ഓര്‍മകളുടെ മുന്നിലാണ്. അതെ കൊഴിഞ്ഞുതീര്‍ന്ന ചില വര്‍ഷങ്ങള്‍, പ്രവാസി എന്ന ഓമനപേരിലറിയപ്പെടുന്ന ചില മനുഷ്യരുടെ കൂട്ടത്തില്‍ ഞാനും, പ്രവാസത്തിന്റേതായ മുപ്പതുവര്‍ഷങ്ങള്‍. ആ നീണ്ട കാലയളവിനു ശേഷം വീണ്ടും ഈ മണ്ണിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഹ്ര്‌ദയത്തിന്റെ കോണിലെവിടെയോ നഷ്ടപെടലിന്റെയും വേര്‍പെടലിന്റെയും വേദന നിറയുന്നു. യുവത്വത്തിന്റെ ആവേശത്തില്‍ തോന്നിയൊരിഷ്ടം, ആ ഇഷ്ടത്തെ ജീവിതത്തിലേക്ക് കൈ പിടിച്ചുകൊണ്ടു പോകുവാന്‍ വെമ്പുന്ന മനസ്സ്. വിശ്വസിച്ചവരെയും പ്രതീക്ഷിച്ചവരെയുമെല്ലം മറുപക്ഷത്തുകണ്ട് പകച്ചുപോയ നാളുകള്‍, ബന്ധങ്ങളെല്ലാം ബന്ധനങ്ങളാകുന്നത് വേദനയോടെ ഞാന്‍ തിരിച്ചറിഞ്ഞു. ചോരപൊടിയുന്ന ഹ്ര്‌ദയവുമായ് ഇനിയൊരു തിരിച്ചുവരവില്ല എന്നുപറഞ്ഞ് പടിയിറങ്ങി പോയനാളുകള്‍... വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു. പലരും പലതും പറഞ്ഞു. കുടുംബവും കുട്ടികളും, എല്ലാം വേദനയോടെ മൂളിക്കേട്ടു. ഒരുനാട്ടില്‍നിന്നും മറ്റൊരു നാട്ടിലേക്ക് ഒരുതരം ഒളിച്ചോട്ടമായിരുന്നു ഇതുവരെ. അതിനിടയില്‍ ഉറ്റവരുടെയും ഉടയവരുടെയും വേര്‍പാടും വിവാഹവുമെല്ലം അറിയുന്നുണ്ടായിരുന്നു. മനസ്സുകൊണ്ട് എല്ലാം കാണുന്നുണ്ടായിരുന്നു. ഇനിയൊരുമടങ്ങിവരവ് പ്രതീക്ഷിച്ചതല്ല. പക്ഷേ കാലം അതിന്റെ വിക്ര്‌തികള്‍ കാട്ടിത്തുടങ്ങിയിരിക്കുന്നു. ഈ നീണ്ട ഓട്ടത്തിനിടയില്‍ വിശ്രമിക്കുവാന്‍ സമയമായ് എന്നു മനസ്സും ശരീരവും പറയുന്നു. ഈ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് എന്നു ചിന്തിച്ചപ്പോള്‍ത്തന്നെ മറക്കുവാന്‍ ശ്രമിച്ചിരുന്നതെല്ലാം മനസ്സില്‍ തെളിഞ്ഞുതുടങ്ങി. ജീവിതസായാഹ്നം ജീവിച്ചുതീര്‍ക്കുവാനുള്ള യാത്രക്കിടയില്‍ ഞനീ ദേവീ കന്ന്യാകുമാരിയുടെ നാട്ടിലുമെത്തി. “സാര്‍“ എന്ന വിളി എന്നെ ചിന്തകളില്‍നിന്നും ഉണര്‍ത്തി. ചിപ്പികള്‍ കൊണ്ടുണ്ടാക്കിയ മാലകള്‍ വില്‍ക്കുന്ന ഒരു പയ്യന്‍, ഈ ബാല്യത്തിലും ജീവിതത്തിന്റെ ഭാരം ചുമക്കുവാന്‍ വിധിക്കപെട്ടവന്‍. ആളും ആരവുമെല്ലാം ഒഴിഞ്ഞുതുടങ്ങിയ കടല്‍ക്കര. ഉദിച്ചുയരുന്ന ചന്ദ്രന്റെ പാല്‍നിലാവില്‍ കുളിച്ചീറനായ് നില്‍ക്കുന്ന രാത്രി, ഇതെല്ലാം മനസ്സിനെ വീണ്ടും ഭ്രമിപ്പിക്കുന്നു. ജീവിതത്തിന്റെ ഈ സായാഹ്ന്നത്തില്‍ തനിച്ചാ‍യ്പോയോ എന്ന സംശയവുമായ് രാത്രിയുടെ ഇരുണ്ടയാമങ്ങളിലൂടെ ഈ യാത്ര തുടരുന്നൂ...